അഭിഭാഷകനെ മര്‍ദിച്ചെന്ന് ആരോപണം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എഡിജിപി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. പൊലീസിലെ എതിര്‍പ്പ് മറികടന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടി അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍ പറഞ്ഞു.
 

അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കാരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍, എസ്‌ഐ അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ്‌ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഡിജിപി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. പൊലീസിലെ എതിര്‍പ്പ് മറികടന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടി അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍ പറഞ്ഞു.

കൊല്ലം ജില്ലാ കോടതിയില്‍ സെപ്റ്റംബര്‍ ആദ്യത്തില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. കരുനാഗപ്പള്ളിയി്ല്‍ അഭിഭാഷകനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് പൊലീസുകാരെ തടയുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. അഭിഭാഷകര്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. കരുനാഗപ്പള്ളിയിലുള്ള അഡ്വക്കേറ്റ് എസ് ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ചതായി ആരോപണമുയരുകയും പൊലീസിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിച്ചോ എന്ന് കണ്ടെത്താന്‍ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍, അവിടെയും അഭിഭാഷകന്‍ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.