എ.കെ.ജി സെൻറർ ആക്രമണക്കേസിലെ നാലാം പ്രതി ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം

 

തിരുവനന്തപുരം : എകെജി സെൻറർ ആക്രമണക്കേസിൽ നാലാം പ്രതിയും പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ഈ മാസം 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

ആക്രമണത്തിന് വാഹനവും സ്​​ഫോടകവസ്തുവും പ്രതി ജിതിന്‌ കൈമാറിയത്‌ നവ്യയാണെന്നാണ്​ അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ആക്രമണത്തിന്‌ ശേഷം തിരികെയെത്തിച്ച സ്കൂട്ടർ കൊണ്ടുപോയതും ടി. നവ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ടി. നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിന്‍ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.