പഞ്ചാബിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്

 

ദില്ലി: പഞ്ചാബിലും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര്. നാളെ നടക്കാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് റദാക്കി. വിശ്വാസ വോട്ടെടുപ്പിനായി വിളിച്ച് സമ്മേളനമാണ് ഗവര്‍ണര്‍ തടഞ്ഞത്. വിശ്വാസ പ്രമേയത്തിനായി വേണ്ടി മാത്രം നിയമസഭ സമ്മേളനം വിളക്കാന്‍ ചട്ടമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.  ഗവര്‍ണര്‍ക്കെതിരെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ജനാധിപത്യം അവസാനിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ആരോപിച്ചു.

അതേസമയം, ഗവര്‍ണറുടെ നടപടിയെ പഞ്ചാബ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന്റെ ഉത്തരവാണ് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ബുധനാഴ്ച റദ്ദാക്കിയത്. വിശ്വാസ പ്രമേയം പാസാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മേളനം വിളിച്ചത്. മന്ത്രിസഭ വിളിച്ച സമ്മേളനം ഗവര്‍ണര്‍ നിരസിക്കുന്നതെങ്ങനെയെന്നും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ സമ്മേളനത്തിന് അനുമതി നല്‍കിയതാണ്. ഓപ്പറേഷന്‍ താമര പരാജയപ്പെട്ടതോടെയാണ് മുകളില്‍ നിന്ന് വിളി വന്നു. തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത് - കെജ്രിവാള്‍ ട്വീറ്റില്‍ പറഞ്ഞു. 

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് പഞ്ചാബ് മന്ത്രിസഭ ചൊവ്വാഴ്ചയാണ് അംഗീകാരം നല്‍കിയത്. പഞ്ചാബിലെ തങ്ങളുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഭരണകക്ഷിയായ എഎപി ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങളുടെ 10 എംഎല്‍എമാരെയെങ്കിലും 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചതായി എഎപി ആരോപിച്ചിരുന്നു.