എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ  23 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയിലെത്തിച്ചു

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.

 

വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ ഉള്ളിൽ വെച്ചായിരുന്നു ആദ്യ സംഭവം

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.

വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ ഉള്ളിൽ വെച്ചായിരുന്നു ആദ്യ സംഭവം.മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിൽ ഒഴുകിനടന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.​വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെയുണ്ടായ രണ്ടാമത്തെ സംഭവത്തിൽ 12 തൊഴിലാളികളെയാണ് രക്ഷിച്ചത്.

വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ. മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ സുഗതൻ, സി.പി.ഒ വി.എ. അനന്തു, ലൈഫ് ഗാർഡുമാരായ ഇമാമുദ്ദീൻ, റോബിൻ, അലിക്കണ്ണ് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. ബോട്ടുകൾക്ക് എൻജിൻ തകരാർ സംഭവിച്ചതിനെ തുടർന്ന് ആശങ്കയിലായിരുന്ന തൊഴിലാളികൾക്ക് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ വലിയ ആശ്വാസമായി.