വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് ചവിട്ടിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്യപിച്ച് പെണ്‍കുട്ടിയെ ആക്രമിച്ച പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കേസിലെ ഏക പ്രതി.
ട്രെയിന്‍ യാത്രക്കിടെ 19 വയസുകാരിയെ ചവിട്ടിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യപിച്ച് പെണ്‍കുട്ടിയെ ആക്രമിച്ച പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കേസിലെ ഏക പ്രതി.
ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്മെന്റില്‍നിന്നും തിരുവനന്തപുരം സ്വദേശിയായ 19കാരിയെ പ്രതി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പുകവലി എതിര്‍ത്തതിനെ ചൊല്ലിയുണ്ടായ ദേഷ്യമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. മദ്യപിച്ച് കമ്പാര്‍ട്മെന്റില്‍ കയറിയ സുരേഷ് കുമാര്‍ വര്‍ക്കല അയന്തി ഭാഗത്തുവെച്ചാണ് പെണ്‍കുട്ടിയെ ട്രെയിനിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായിരുന്നു. യുവതിയെ നടുവിന് ചവിട്ടിയാണ് പ്രതി പുറത്തേക്ക് ചവിട്ടിയിട്ടതെന്ന് സഹയാത്രിക മൊഴി നല്‍കിയിരുന്നു.