ചിപ്‌സ് നൽകാത്തതിന്റെ പേരിൽ ക്രൂര മർദനം ; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ

 

ഇരവിപുരം: ഉരുളക്കിഴങ്ങ് ചിപ്‌സ് ചോദിച്ചിട്ട് കൊടുക്കാത്തതില്‍ 19 കാരനെ എട്ടംഗ സംഘം ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനായിരുന്നു ചൊവ്വാഴ്ച മദ്യപ സംഘത്തിന്റെ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്. മൂന്നുപേര്‍ ഒളിവിലാണ്.

കടയില്‍ നിന്നും ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ചിപ്‌സ് ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീലകണ്ഠനെ സമീപത്തെ തെങ്ങിന്‍ തോപ്പിലേക്ക് ചവിട്ടി തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടുപേര്‍ മര്‍ദിക്കുന്നതായാണ് ദൃശ്യത്തില്‍ കാണുന്നത്.

സാരമായി പരിക്കേറ്റ നീലകണ്ഠന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരവിപുരം സി.ഐ യുടെ നേതൃത്വത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.