വീണ്ടും അപകട സെൽഫി; നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുത്ത പതിനെട്ടുകാരന് ഷോക്കേറ്റു

കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.

 

കോഴിക്കോട്:  നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു.

സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.