17കാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നംഗ സംഘം തിരൂരില്‍ പിടിയില്‍
അന്വേഷണത്തില്‍ പെണ്‍കുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ പോക്‌സോ കേസും കൂടി രജിസ്റ്റര്‍ ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നംഗ സംഘം പിടിയില്‍. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തില്‍ പെണ്‍കുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോക്‌സോ കേസും കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ പെണ്‍കുട്ടിയെ പെരുമാതുറയില്‍ നിന്നും ചിറയിന്‍കീഴ് എത്തിച്ച ശേഷം ട്രെയിന്‍ മാര്‍?ഗം തിരൂരിലേയ്ക്ക് തിരിക്കുകയായിരുന്നു.
പ്രതികള്‍ തിരൂരില്‍ എത്തിയെന്ന് വിവരം ലഭിച്ച കഠിനംകുളം പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. പൊലീസ് പിന്‍തുടരുന്നു എന്ന് മനസിലാക്കിയ പ്രതികള്‍ മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തട്ടിക്കൊണ്ടു പോകലിന് കേസ് എടുത്തതിനു ശേഷമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.