കൊല്ലത്ത് ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ 16കാരിക്കുനേരെ ലൈംഗികാതിക്രമം; യൂട്യൂബറായ നഴ്‌സിങ് ഓഫീസര്‍ അറസ്റ്റില്‍
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം
കൊല്ലം ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബറായ നഴ്‌സിങ് ഓഫീസറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ മിഗ്ദാദ് (38) ആണ് പോക്‌സോ കേസില്‍ പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ കിടത്തണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ ലിഫ്റ്റില്‍ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവര്‍ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നു പരാതിയുണ്ട്. തുടര്‍ന്ന് കുടുംബം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.