14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം ; പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവിനെ വിട്ടയച്ചു

മരിച്ച ആവണിയുടെ പിതാവ് പ്രകാശ് അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു

 

രാത്രി കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരി ആവണിയാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്.

പത്തനംതിട്ട വലഞ്ചുഴിയില്‍ 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവിനെ വിട്ടയച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവാവിനെതിരെ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു.
രാത്രി കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരി ആവണിയാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്.
മരിച്ച ആവണിയുടെ പിതാവ് പ്രകാശ് അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഴൂര്‍ സ്വദേശിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആവണി ആറ്റില്‍ ചാടി ജീവനോടുക്കിയതില്‍ യുവാവിനെതിരെ തെളിവ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം വൈകിട്ടോടെ യുവാവിനെ വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി വലഞ്ചൂഴി ക്ഷേത്രത്തില്‍ പടയണി കാണാനാണ് കുടുംബത്തിനൊപ്പം ഒമ്പതാം ക്ലാസുകാരി ആവണി പോയത്. സ്ഥലത്ത് തര്‍ക്കം ഉണ്ടാവുകയും പെണ്‍കുട്ടി ആറ്റില്‍ ചാടുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അച്ഛനെയും സഹോദരനെയും അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചു. അതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടി എന്നായിരുന്നു അച്ഛന്‍ നല്‍കിയ മൊഴി. യുവാവിനെതിരെ പരസ്യമായ ആരോപണം മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് യുവാവിനെ വിട്ടയച്ചത്.