സംസ്ഥാനത്ത് മാനസികാരോഗ്യ സഹായം തേടിയത് 1,201 തടവുകാര്‍

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 12 ശതമാനത്തിലേറെ പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നതായി ജയില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

നിലവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 9,805 തടവുകാരില്‍ 1,201 പേര്‍ (12.24%) മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമാക്കിയവരാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 12 ശതമാനത്തിലേറെ പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നതായി ജയില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 9,805 തടവുകാരില്‍ 1,201 പേര്‍ (12.24%) മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമാക്കിയവരാണ്.

ഇതില്‍ 1,160 പേര്‍ പുരുഷന്മാരാണ്.മുന്‍കാല രോഗങ്ങളുടെ തുടര്‍ചികിത്സക്കോ മറ്റ് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ക്കോ ഉള്ള മരുന്നുകള്‍ കഴിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. എന്നാല്‍ തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടകരമാകുന്ന രീതിയില്‍ ഗുരുതര മാനസിക പ്രശ്‌നങ്ങളുള്ള ആരും തന്നെ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ തേടാന്‍ മടിക്കുന്നവര്‍ക്ക് ജയിലുകളില്‍ മികച്ച ചികിത്സയും പിന്തുണയും ലഭിക്കുന്നത് ഒരു നല്ല പ്രവണതയാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.തടവുകാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകം ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നവര്‍ക്ക് ലഹരി ഉപയോഗം കാരണം അത് കൂടുതല്‍ ഗുരുതരമാകുന്നു.