108 ആംബുലൻസ്​ ജീവനക്കാർ സർവിസ്​ നിർത്തി സമരത്തിൽ

സെപ്റ്റംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്​ സർവിസ് നിർത്തിവെച്ച്​ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സേവനം നിലച്ചതോടെ അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയായി പൊതുജനത്തിന്.

 

തിരുവനന്തപുരം:  സെപ്റ്റംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്​ സർവിസ് നിർത്തിവെച്ച്​ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സേവനം നിലച്ചതോടെ അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയായി പൊതുജനത്തിന്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന മുറവിളി ഉയർന്നുതുടങ്ങി​

ബുധനാഴ്ച രാവിലെ എട്ടുമുതലാണ്​ സർവിസ് നിർത്തിവെച്ച് സി.ഐ.ടി.യു സമരം ആരംഭിച്ചത്​. ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സി.ഐ.ടി.യു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.

ഇതിനിടെ, നവംബർ ഒന്നിന്​ സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി പിന്നീടെന്നുമാണ്​ കരാർ കമ്പനി പറഞ്ഞത്​. നിലവിൽ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാണ്​.

ഒരാശുപത്രിയിൽനിന്ന് മറ്റൊന്നിലേക്കുള്ള രോഗികളുമായുള്ള യാത്ര മുടക്കി ചൊവ്വാഴ്ച മുതൽ ബി.എം.എസ് പ്രതിഷേധ രംഗത്തുണ്ട്​. ശമ്പളം നൽകിയില്ലെങ്കിൽ 108 ആംബുലൻസ് സേവനം പൂർണമായും നിലക്കുന്ന അവസ്ഥയാണ്​.