രന്യയുടെ സ്വര്‍ണക്കടത്ത്; പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്.

 
renya

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രന്യ റാവുവിന്റെ വി ഐ പി ബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസിനെതിരെയുള്ള ഡിആര്‍ഐയുടെ ( ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍.


14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിനെതിരെ സിഐഡി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക പദവികളും പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തതിനെ കൂറിച്ചും അന്വേഷിക്കാനാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍ രന്യ റാവുവിന്റെ വളര്‍ത്തച്ഛനും പൊലീസ് ഡയറക്ടര്‍ ജനറലുമായ (ഡിജിപി) കെ രാമചന്ദ്ര റാവുവിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ തുടരും.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രന്യ റാവുവിന്റെ വി ഐ പി ബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രന്യ റാവുവിന്റെ വിവാഹ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.വിവാഹത്തില്‍ പങ്കെടുത്ത് വില കൂടിയ സമ്മാനം നല്‍കിയവരെയും സിബിഐ അന്വേഷിക്കും. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്.

രന്യ റാവുവിന് സഹായം നല്‍കിയ ബെംഗളൂരു വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ കള്ളക്കടത്ത് ശൃംഖലയെ സഹായിക്കുന്ന തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒത്തുകളികള്‍ ഉണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നെന്നും റിപ്പോര്‍ട്ടുണ്ട്.