ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ; ഇന്നും പ്രതിഷേധം

ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

 

തുടര്‍ച്ചയായ നാലാം ദിവസമാണ് ജന്തര്‍ മന്തറിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തര്‍ മന്തിറിലേക്ക് എന്‍എസ്‌യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഇതോടെ തുടര്‍ച്ചയായ നാലാം ദിവസമാണ് ജന്തര്‍ മന്തറിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തുന്നത്. ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികള്‍ തീരുമാനിക്കാന്‍ എഐസിസി വിളിച്ച യോഗം വൈകിട്ട് ദില്ലിയില്‍ നടക്കും.


അതേസമയം, ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണര്‍മാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാര്‍ തീരുമാനമെടുത്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം, എസ്‌ഐആര്‍ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതില്‍ എസ്ഐടി അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ശൈല്‍ദേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാര്‍ സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍.