മെറ്റ ഓഫീസുകളിലെ യൂത്ത് കോൺഗ്രസ് അതിക്രമം; 'കോൺഗ്രസ് ഗൂണ്ടകളുടെ പാർട്ടി' എന്ന് ബിജെപി

ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ (Meta) ഓഫീസുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഗൂണ്ടകളുടെ പാർട്ടിയാണെന്നും അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

 

ന്യൂഡൽഹി: ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ (Meta) ഓഫീസുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഗൂണ്ടകളുടെ പാർട്ടിയാണെന്നും അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പ്രവർത്തകർ മെറ്റ ഓഫീസുകളിൽ അതിക്രമം നടത്തിയത്. ഹൈദരാബാദിലെ മെറ്റ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാശനഷ്ടങ്ങൾ വരുത്തിയെന്നും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആഘോഷിക്കുകയാണെന്നും പ്രദീപ് ഭണ്ഡാരി 'എക്സി'ൽ (X) പങ്കുവച്ച വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെയും ഭണ്ഡാരി പരാമർശിച്ചു. പരിപാടിയിലേക്ക് അതിക്രമിച്ചുകയറി ഷർട്ടില്ലാതെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യയെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ ആക്രമിക്കുന്നത് കോൺഗ്രസിന്റെ രീതിയാണെന്നും, രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം അക്രമരീതികളെ എതിർക്കണമെന്നും പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടു.