മുംബൈയിൽ പ്രതിഷേധിച്ച വിദ്യാർഥികളുമായി പോയ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം : ‘റോൾ മോഡൽ’ എന്ന് സമൂഹമാധ്യമങ്ങൾ

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു.

 

 മുംബൈ :  കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു.

ദാദറിലെ ശിവാജി പാർക്കിനു മുന്നിൽവച്ച് ബുധനാഴ്ചയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ വാൻ തടയുകയായിരുന്നു. ഇതോടെ ഒട്ടേറെപ്പേർ മുദ്രാവാക്യം വിളിച്ച് റിയയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റിയ പ്രതിഷേധക്കാരുടെ റോൾ മോഡലുമായി. ഹീറോ എന്നാണ് പലരും റിയയെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുംബൈയിൽ നടത്തിയ പ്രതിഷേധ വേദിയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് പൊലീസ് വാൻ കണ്ടതെന്ന് റിയ പറഞ്ഞു.

‘വാനിൽ നിറയെ ആളുകളായിരുന്നു. പൊലീസുകാർ വാഹനത്തിന്റെ പടിയിൽനിന്നാണ് യാത്ര ചെയ്തിരുന്നത്. അകത്ത് വിദ്യാർഥികൾ നിലവിളിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ മെമ്മോ ഉണ്ടോയെന്ന് പൊലീസിനോട് ചോദിച്ചപ്പോൾ അവർക്ക് ഉത്തരമുണ്ടായിരുന്നില്ല. അപ്പോഴാണ് വാഹനം തടയണമെന്നു തോന്നിയത്. പെട്ടെന്ന് വാനിനു മുന്നിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുമായി പോകാൻ പൊലീസുകാരെ അനുവദിച്ചാൽ നിയമത്തെക്കുറിച്ച് ധാരണയുള്ള പൗരയെന്ന നിലയ്ക്ക് ഞാൻ പരാജയപ്പെടുമെന്ന് തോന്നി. പൊലീസ് ചെയ്യുന്നത് തെറ്റാണെന്ന് അറിയാമായിരുന്നു. നമ്മൾ നമ്മുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം’–റിയ എൻഡിടിവിയോടു പറഞ്ഞു.

‘പൊലീസ് അവരുടെ ജോലി ഉത്തരവാദിത്തത്തോടെയല്ല ചെയ്തത്. അവർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ ഞങ്ങളുടെ ജനങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ തന്നെ ഏറ്റെടുക്കും. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് വിദ്യാർഥികളോട് ചെയ്തത് തെറ്റാണ്.’–റിയ മാധ്യമങ്ങളോടു പറഞ്ഞു. നടിയും മോഡലും സംരംഭകയുമാണ് റിയ അഹിർ. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെപ്പേർ റിയയെ പിന്തുടരുന്നുണ്ട്.