ഹിപ്‌നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകള്‍ക്ക് ലഹരിമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി പീഡനം ; വിഐപി ജ്യോത്സ്യന്റെ ഓഫീസിലെ രഹസ്യ ക്യാമറകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

ഹിപ്‌നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകള്‍ക്ക് ലഹരിമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

 

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദമാണ് പുകയുന്നത്.

നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വിവാദ ആള്‍ദൈവവും ജ്യോത്സ്യനുമായ അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. വിഐപി ജ്യോത്സ്യനെന്നും ക്യാപ്റ്റന്‍ എന്നും സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ 150-ലധികം സ്ത്രീകളെ പീഡനത്തിനിരയാക്കിയതായാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദമാണ് പുകയുന്നത്.
ഹിപ്‌നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകള്‍ക്ക് ലഹരിമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഒരു 35-കാരി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ 19-ന് ഇയാള്‍ അറസ്റ്റിലായത്. ഖരാത്തിന്റെ ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറകളില്‍ നിന്ന് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാളുടെ ഓഫീസും മൊബൈല്‍ ഫോണുകളും പൊലീസ് സീല്‍ ചെയ്തു. നിലവില്‍ ഏഴ് പീഡനക്കേസുകളും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ ദിവസവും പുതിയ പരാതികള്‍ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിയുമായി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ബന്ധം പുറത്തുവന്നതോടെ കേസ് രാഷ്ട്രീയ വിവാദമായി മാറി. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ രൂപാലി ചകങ്കര്‍ക്ക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു. ഖരാത്തിന്റെ ട്രസ്റ്റില്‍ ഇവര്‍ അംഗമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും ഇവര്‍ രാജിവെച്ചു. മുന്‍ മന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാര്‍ക്കറുടെ പേരും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രൂപാലി ചകങ്കറെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഇതുവരെ ഹാജരായിട്ടില്ല.