വനിതാ സംവരണവും മണ്ഡല പുനർനിർണയവും: നിർണ്ണായക നീക്കവുമായി കേന്ദ്രം; പ്രതീക്ഷ ഡിഎംകെയുടെയും എൻസിപിയുടെയും പിന്തുണയിൽ

വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനർനിർണയം കൂടി നടപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും പാർലമെന്റിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങവെ, ബിൽ പാസാക്കാൻ ലോക്‌സഭയിൽ ഭരണസഖ്യത്തിന് വേണ്ടത് 41 അംഗങ്ങളുടെ കൂടി അധിക പിന്തുണ. രാജ്യസഭയിൽ 12 പേരുടെ കുറവാണ് എൻഡിഎയ്ക്കുള്ളത്. ഡിഎംകെ, എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവർക്കൊപ്പം ചെറുപാർട്ടികളുടെ കൂടി പിന്തുണ നേടി ഇത്തവണ ഭേദഗതി പാസാക്കിയെടുക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

 

ന്യൂഡൽഹി: വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനർനിർണയം കൂടി നടപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും പാർലമെന്റിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങവെ, ബിൽ പാസാക്കാൻ ലോക്‌സഭയിൽ ഭരണസഖ്യത്തിന് വേണ്ടത് 41 അംഗങ്ങളുടെ കൂടി അധിക പിന്തുണ. രാജ്യസഭയിൽ 12 പേരുടെ കുറവാണ് എൻഡിഎയ്ക്കുള്ളത്. ഡിഎംകെ, എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവർക്കൊപ്പം ചെറുപാർട്ടികളുടെ കൂടി പിന്തുണ നേടി ഇത്തവണ ഭേദഗതി പാസാക്കിയെടുക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കഴിഞ്ഞ ഏപ്രിലിൽ സമാനമായ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും 54 വോട്ടുകളുടെ കുറവിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനൊപ്പം ലോക്‌സഭയുടെ അംഗബലം 850 ആക്കി ഉയർത്താനായിരുന്നു അന്നത്തെ നിർദേശം. എന്നാൽ, ജനസംഖ്യയ്ക്ക് ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും എതിർപ്പും ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ, എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധന എന്ന പുതിയ നിർദേശമാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിനോട് ഡിഎംകെ വൃത്തങ്ങൾ അനുകൂല നിലപാടാണ് സൂചിപ്പിക്കുന്നത്; എൻസിപിയും ബില്ലിനെ പിന്തുണച്ചേക്കും.

ലോക്‌സഭയിലെ 543 അംഗങ്ങളിൽ നിലവിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഭരണഘടനാ ഭേദഗതി പാസാകാൻ ഹാജരായ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 വോട്ടുകൾ അനിവാര്യമാണ്. തൃണമൂൽ വിമതർ, ശിവസേന (യുബിടി), അകാലിദൾ എന്നിവരുടെ അംഗങ്ങൾ ഉൾപ്പെടെ 319 പേരുടെ പിന്തുണ നിലവിൽ സർക്കാരിനുണ്ട്. ബാക്കി വേണ്ട 41 വോട്ടുകളിൽ ഡിഎംകെയുടെ 22 അംഗങ്ങളും എൻസിപി പവാർ വിഭാഗത്തിന്റെ എട്ട് അംഗങ്ങളും അനുകൂലിച്ചാൽ പിന്നെ വേണ്ടിവരിക 11 പേരുടെ പിന്തുണ മാത്രമാണ്. ചെറുപാർട്ടികളിലൂടെ ഈ കടമ്പ കടക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

രാജ്യസഭയിലെ ആകെയുള്ള 245 അംഗങ്ങളിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നതിനാൽ ബിൽ പാസാക്കാൻ 162 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 150 അംഗങ്ങളുടെ പിന്തുണയുള്ള സർക്കാരിന്, ഡിഎംകെയുടെ എട്ടും എൻസിപിയുടെ ഒന്നും വോട്ടുകൾ ലഭിച്ചാൽ പിന്നെ മൂന്ന് പേരുടെ പിന്തുണ കൂടി മതിയാകും. ഇത് അനായാസം നേടാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഭേദഗതിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇന്ന് വൈകിട്ടോ നാളെയോ നിലപാട് വ്യക്തമാക്കുമെന്നുമാണ് സൂചന. അതേസമയം, വനിതാ സംവരണ ബിൽ രാജ്യത്തിന് ഗുണകരമാണെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.