ഒഡിഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം

വാട്സ്ആപ്പ്, ഫെയ്സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നിരോധനം ഉണ്ട്

 

വ്യാജ വാര്‍ത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഒഡിഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. മാല്‍ക്കാന്‍ഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വലിയ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ നീട്ടി. വ്യാജ വാര്‍ത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

വാട്സ്ആപ്പ്, ഫെയ്സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നിരോധനം ഉണ്ട്. പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. സംഘര്‍ഷത്തില്‍ ഇതുവരെ 163 വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വ്യാഴാഴ്ചയാണ് 51 കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.

പൊറ്റേരു നദിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ആരംഭിച്ച കലാപം, ഇരു സമുദായങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കളക്ടര്‍ പറഞ്ഞു. സമാധാന സമിതി യോഗം ഇന്നും ചേരും. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.