ഫരീദാബാദിൽ ഓടിക്കൊണ്ടിരുന്ന വാനിൽ ബലാത്സംഗം, യുവതിയെ വഴിയിൽ ഉപേക്ഷിച്ചു
ഓടിക്കൊണ്ടിരുന്ന വാനിൽ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചു. ഗുരുഗ്രാം- ഫരീദാബാദ് റോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയിൽനിന്നും ലിഫ്റ്റ് ചോദിച്ചു വാനിൽ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് അക്രമത്തിനിരയായത്.
ഫരീദാബാദ്: ഓടിക്കൊണ്ടിരുന്ന വാനിൽ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചു. ഗുരുഗ്രാം- ഫരീദാബാദ് റോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയിൽനിന്നും ലിഫ്റ്റ് ചോദിച്ചു വാനിൽ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് അക്രമത്തിനിരയായത്. പീഡനത്തിന് ശേഷം അക്രമികൾ യുവതിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു. വീഴ്ചയിലും മർദനത്തിലും യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 8:30-ഓടെ അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൂന്ന് മണിക്കൂറിനുള്ളിൽ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങാൻ വൈകുകയായിരുന്നു. ആ സമയത്ത് വഴിയിൽ മറ്റുവാഹനങ്ങളൊന്നും ലഭിക്കാത്തതിനാൽ യുവതി വാനിൽ ലിഫ്റ്റ് ചോദിച്ചു. വാനിൽ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. എന്നാൽ യുവതിയെ വീട്ടിലെത്തിക്കുന്നതിന് പകരം പ്രതികൾ ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തുള്ള വിജനമായ സ്ഥലത്തേക്ക് വാഹനം ഓടിച്ചു കൊണ്ടുപോയി. മൂടൽമഞ്ഞുള്ള വിജനമായ പ്രദേശത്തിലൂടെ വാഹനം മൂന്ന് മണിക്കൂറോളം സഞ്ചരിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയം യുവതിയെ പ്രതികൾ തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ എസ്ജിഎം നഗറിലെ രാജാ ചൗക്കിന് സമീപമുള്ള ഹോട്ടലിന് മുന്നിൽ വെച്ചാണ് പ്രതികൾ യുവതിയെ വാനിൽ നിന്നും പുറത്തേക്ക് തള്ളിയത്. തുടർന്ന് യുവതി സഹോദരിയെ വിവരം അറിയിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്‌വാലി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്.