കര്‍ണാടകയില്‍ വിവാഹേതര ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ യുവതിയെ വിഷംകൊടുത്ത് കൊന്നു

സത്യവയും കൃഷ്ണയും ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു

 

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലിയില്‍ വെച്ചാണ് സംഭവം നടന്നത്.

യുവതിയെ കാണ്മാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ കണ്ടെത്തിയത് കുടുംബം നടത്തിയ ദുരഭിമാനക്കൊല. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെലഗാവി സ്വദേശിയായ സത്യവയെ കാണ്മാനില്ലെന്ന് കാട്ടിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. സന്തോഷ് എന്നയാളെയാണ് യുവതി വിവാഹം കഴിച്ചത്. എന്നാല്‍ കൃഷ്ണ എന്ന് പേരുള്ള മറ്റൊരാളുമായി യുവതി അടുപ്പത്തിലായിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ സത്യവയും കൃഷ്ണയും ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു. മാര്‍ച്ച് 13ന് സത്യവയെ ബന്ധുക്കള്‍ അന്വേഷിച്ച് കണ്ടെത്തി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ ജാതി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇരുവരുടെയും ബന്ധത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ കൃഷ്ണക്കൊപ്പം ജീവിക്കണം എന്ന നിലപാടിലായിരുന്നു യുവതി.
ഇതോടെ യുവതിയെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. അമ്മാവന്‍ പ്രകാശ് ഭീമപ്പ ഹീലാവര്‍(46), സഹോദരന്‍ ഷാനുര്‍ സദാശിവ് ഹീലാവര്‍ (35), സഹോദരീ ഭര്‍ത്താവ് മൊരബാദ് കാലപ്പ മായപ്പ ഹീലാവി (40) എന്നിവര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വിഷം നല്‍കി സത്യവയെ കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലിയില്‍ വെച്ചാണ് സംഭവം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാനായി പ്രാദേശിക ശ്മശാനത്തില്‍ അവരുടെ സംസ്‌കാര ചടങ്ങുകളും പ്രതികള്‍ നടത്തി.
ബെലഗാവി പൊലീസ് സ്റ്റേഷനില്‍ കൃഷ്ണ നല്‍കിയ മിസിങ് കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം പൊലീസ് അന്വേഷണത്തില്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. പിന്നീട് കേസ് റീഓപ്പണ്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് പൊലീസ് കേസിന്റെ ചുരുളഴിച്ചത്.