പെൺകുഞ്ഞിനെ പ്രസവിച്ചു ; അപമാനമെന്ന് പറഞ്ഞ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർതൃ കുടുംബം

 

ഉത്തർപ്രദേശ് : പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും അമ്മയും ചേർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രസവിച്ച് 14–ാം ദിവസമാണ് റൂബി ചൗഹാൻ (25) എന്ന യുവതി കൊല്ലപ്പെട്ടത്. റൂബി പെൺകുഞ്ഞിനെ പ്രസവിച്ചതിൽ ഭർത്താവും ഭർതൃവീട്ടുകാരും അസ്വസ്ഥരായിരുന്നു. തുടർന്ന് കുഞ്ഞിനെയും അമ്മയെയും വകവരുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് റൂബി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ റൂബിയുടെ കുടുംബാംഗങ്ങൾ എത്തുന്നതിന് മുൻപ് തന്നെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു.

നാട്ടുകാർ പറഞ്ഞാണ് മകൾ മരിച്ച വിവരം റൂബിയുടെ കുടുംബം അറിഞ്ഞത്. തുടർന്ന് പോലീസുമായി ഇവർ സ്ഥലത്തെത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് റൂബിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. നാട്ടുകാരും റൂബിയുടെ മരണം അറിയാൻ വൈകിയിരുന്നു. പെൺകുഞ്ഞാണ് ജനിച്ചതെന്ന് അറിഞ്ഞത് മുതൽ റൂബിയുടെ ഭർത്താവായ മുകുൾ ചൗഹാൻ മദ്യപിച്ചാണ് വീട്ടിൽ എത്തിയിരുന്നത്. ശനിയാഴ്ച പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ മുകുൾ, റൂബിയോട് വാഗ്വാദമായി. വഴക്ക് മൂത്തത് കണ്ട് അമ്മായിയമ്മയും എത്തി. തുടർന്ന് ഇരുവരും ചേർന്ന് റൂബിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

വിവാഹം കഴിഞ്ഞ് എത്തിയത് മുതൽ മുകളും കുടുംബവും തൻറെ മകളെ ഉപദ്രവിച്ചിരുന്നുവെന്നും ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും റൂബിയുടെ അമ്മ ആരോപിക്കുന്നു. മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നുവെന്നും പല തവണ കൂട്ടിക്കൊണ്ടുപോരാൻ ഒരുങ്ങിയതാണെന്നും അവർ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പരാതികളായ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യ്തു.