സഹോദരന്‍ പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

രശ്മിയുടെ പിതാവും ബന്ധുക്കളും ശിവകുമാറിന്റെ സഹോദരനായ കോട്‌രേഷിനെ പിടികൂടുകയായിരുന്നു.

 

പെണ്‍കുട്ടിയുടെ പിതാവ് ബസവരാജ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹോദരന്‍ പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടതിന്റെ പേരില്‍ യുവാവിന് ബെംഗളൂരുവില്‍ ക്രൂരമര്‍ദ്ദനം. ബിദറഹള്ളി സ്വദേശിയായ കോട്‌രേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബസവരാജ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിദറഹള്ളിയിലെ ശിവകുമാര്‍ എന്ന യുവാവും അതേ സ്ഥലത്തുള്ള രശ്മി എന്ന പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും നാടുവിട്ട് വിവാഹം കഴിച്ചു. ഇതില്‍ പ്രകോപിതരായ രശ്മിയുടെ പിതാവും ബന്ധുക്കളും ശിവകുമാറിന്റെ സഹോദരനായ കോട്‌രേഷിനെ പിടികൂടുകയായിരുന്നു.

യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈകളും കാലുകളും കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ കോട്‌രേഷിനെക്കൊണ്ട് രശ്മിയെ വിട്ടയക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കോട്‌രേഷിനെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവാവിനെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. അറസ്റ്റിലായ ബസവരാജിനെക്കൂടാതെ മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.