കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയില്‍ ; തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 20 കാരിയുടെ മരണത്തില്‍ ദുരൂഹത

 

ആറ് അടി ഉയരത്തില്‍ ഒരു ഞാവല്‍ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 
police

ഏപ്രില്‍ 25 ന് വിവാഹം കഴിക്കാനിരിക്കേയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

ലഖ്‌നൗവില്‍ നാഗ്രയിലെ ഒരു ഗ്രാമത്തില്‍ 20 വയസ്സുള്ള യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന മൃതശരീരത്തില്‍ കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നു. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഏപ്രില്‍ 25 ന് വിവാഹം കഴിക്കാനിരിക്കേയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

ചെറുമകള്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് മൃതദേഹത്തിന്റെ അവസ്ഥ കണ്ടാലറിയാമെന്നും, സംഭവത്തില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, നീതി വേണമെന്നും, കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും മരിച്ച യുവതിയുടെ മുത്തശ്ശി പറഞ്ഞു. അതേ സമയം ഒരു പ്രണയബന്ധവുമായി ബന്ധപ്പെട്ട കേസാണിതെന്നും എത്രയും വേഗം സത്യം പുറത്തുകൊണ്ടു വരുമെന്നും പൊലീസ് പറഞ്ഞു

ചികിത്സയ്ക്കായി മാതാപിതാക്കള്‍ ലഖ്നൗവിലേക്ക് പോയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി യുവതി വീട്ടില്‍ ഒറ്റക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് അടി ഉയരത്തില്‍ ഒരു ഞാവല്‍ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയൂ. പൊലീസ് അന്വേഷണം തുടങ്ങി.