കാമുകിയോടൊപ്പം മോമോസ് കഴിക്കുന്നതിനിടെ ഭാര്യ പൊക്കി ; കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ് ; ബോണറ്റില്‍ തൂങ്ങികിടന്ന് യുവതി

വാഹനം തടയുന്നതിനായി സുനിത കാറിന് മുന്നില്‍ നിലയുറപ്പിച്ചു. എന്നാല്‍ വാഹനം മുന്നോട്ടെടുത്തതോടെ സുനിത ബോണറ്റിലേക്ക് കയറുകയായിരുന്നു.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കാമുകിക്കൊപ്പം 'മൊമോ' കഴിക്കാനെത്തിയ ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവിനെ കണ്ടതോടെ രോഷാകുലയായ ഭാര്യ, തര്‍ക്കത്തിനിടെ ഭര്‍ത്താവ് കാറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന്റെ ബോണറ്റില്‍ കയറി മുറുകെപ്പിടിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ലോഹിയാനഗറിലെ എല്‍-ബ്ലോക്ക് പൊലീസ് ഔട്ട്പോസ്റ്റിന് സമീപം മയങ്ക് സിംഗ് കാമുകിയെന്ന് സംശയിക്കുന്ന മാഹി വര്‍മ്മയ്‌ക്കൊപ്പം ഇരിക്കുമ്പോഴാണ് ഭാര്യ സുനിത സിംഗ് ഇവരെ കണ്ടത്. തുടര്‍ന്ന് സുനിത ഇരുവരെയും ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി.

തര്‍ക്കത്തിനുശേഷം മയങ്ക് സ്ഥലത്തുനിന്ന് കാറില്‍ പോകാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വാഹനം തടയുന്നതിനായി സുനിത കാറിന് മുന്നില്‍ നിലയുറപ്പിച്ചു. എന്നാല്‍ വാഹനം മുന്നോട്ടെടുത്തതോടെ സുനിത ബോണറ്റിലേക്ക് കയറുകയായിരുന്നു.

ചലിച്ചുകൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ മുറുകെപ്പിടിച്ച് സുനിത സഹായത്തിനായി സമീപത്തുള്ളവരോട് നിരന്തരം നിലവിളിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ മയങ്ക് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനുമുമ്പ് ഏകദേശം 100 മീറ്ററോളം സുനിതയെ കാറിന്റെ ബോണറ്റില്‍ കയറ്റി വാഹനം ഓടിച്ചതായാണ് റിപ്പോര്‍ട്ട്.

മര്‍ദനം, സ്ത്രീധന പീഡനം, വിവാഹേതര ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സുനിത ഭര്‍ത്താവിനെതിരെ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മയങ്കിനെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു.
മയങ്കിനെയും മാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു.