ഭീകരാക്രമണങ്ങള്‍ക്കായി വൈറ്റ് കോളര്‍ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി റിപ്പോര്‍ട്ട്

അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്.

 

രണ്ട് വര്‍ഷം കൊണ്ട് സ്‌ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു.

ഭീകരാക്രമണങ്ങള്‍ക്കായി വൈറ്റ് കോളര്‍ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. സംഘത്തിലെ അഞ്ച് ഡോക്ടേഴ്‌സ് ചേര്‍ന്നാണ് പണം സ്വരൂപിച്ചത്. രണ്ട് വര്‍ഷം കൊണ്ട് സ്‌ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്.

റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വൈറ്റ് കോളര്‍ ഭീകര സംഘം ശേഖരിച്ചതായും ഡോക്ടര്‍ മുസമ്മില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനായി നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത് നേരത്തെ അറസ്റ്റിലായ സംഘത്തിലെ വനിതാ ഡോക്ടറായ ഷ?ഹീന്‍ ഷഹീദ് ആണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ്പ് ഫ്രീസര്‍ സംഘടിപ്പിച്ചതായും മുസമ്മില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണ രീതി, സാമ്പത്തികം എന്നിവയെ കുറിച്ച് വൈറ്റ് കോളര്‍ ഭീകര സംഘത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന കാറോടിച്ച ഡോക്ടര്‍ ഉമര്‍ മുഹമ്മദ് .ഡോ. ആദില്‍ റാത്തറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ല .ജമ്മു കാശ്മീരില്‍ മൗലവി ഇര്‍ഫാന്‍ അറസ്റ്റില്‍ ആയതോടെ ഉമര്‍ വീണ്ടും കാശ്മീരില്‍ എത്തി. ഖാസി ഗുണ്ടില്‍ വച്ച് സംഘത്തിലെ അംഗങ്ങളുമായി ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ചു. അല്‍ ഖ്വയ്ദയോട് താല്പര്യമുള്ളവര്‍ ആയിരുന്നു അറസ്റ്റിലായ അദില്‍ റാത്തറും ഇര്‍ഫാനും എന്നാല്‍ ഉമര്‍ മുഹമ്മദിന് ഐഎസിനോട് ആയിരുന്നു താല്പര്യം.