റെയ്ഡ് നടക്കവേ മമത ബാനര്‍ജിയും സംഘവുമെത്തി എല്ലാ രേഖകളും തട്ടിയെടുത്തു ; ഗുരുതര ആരോപണവുമായി ഇഡി

 

ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

 

ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജുവാണ് ഇക്കാര്യം കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചത്.


പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാകില്‍ ഇഡി റെയ്ഡ് നടത്തുന്നതിനിടെ മമത ബാനര്‍ജിയും സംഘവും സ്ഥലത്തെത്തി എല്ലാ രേഖകളും വിവരങ്ങളും തട്ടിയെടുത്തു എന്ന ആരോപണമാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജുവാണ് ഇക്കാര്യം കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചത്. ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

ഇലക്ഷന്‍ കാലഘട്ടങ്ങളില്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വേണ്ടി ഇലക്ഷന്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ നിയോഗിക്കപ്പെടാറുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഐ-പാക്. ജനുവരി എട്ടിനായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. എന്നാല്‍ റെയ്ഡ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മമത ബാനര്‍ജിയും സംഘവും നേരിട്ട് സ്ഥലത്തെത്തത്തി രേഖകള്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജു കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഇ ഡിക്ക് ഒരു രേഖയും പിടിച്ചെടുക്കാന്‍ സാധിച്ചില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജു വ്യക്തമാക്കി.

കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. ഒരു സ്വകാര്യ വ്യക്തിയുടെ വസതിയും സ്ഥാപനവും റെയ്ഡ് ചെയ്യുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്തിന് അവിടെ എത്തി എന്ന ചോദ്യമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. തങ്ങള്‍ ഡാറ്റ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മമത ബാനര്‍ജിയും സംഘവും അതെല്ലാം തട്ടിയെടുത്തുവെന്നും ഇഡി ഹൈക്കോടതിയെ ധരിപ്പിച്ചു. മാത്രമല്ല പ്രതീക് ജെയിന്‍ അല്ല മറിച്ച് തൃണമൂല്‍ കോണ്‍ഗ്രസാണ് ഹര്‍ജി നല്‍കിയതെന്നും ഇഡി ചൂണ്ടിക്കാട്ടി. പ്രസ്തുത രേഖകള്‍ മമതയുടെ കൈവശം ഇരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇഡി വ്യക്തമാക്കി.

എന്നാല്‍ ഇഡി ചെയ്തത് ഗുണ്ടായിസമാണ് എന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനുള്ളത്. ഇലക്ഷന്‍ അടുക്കുന്ന സമയമായതിനാല്‍ പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ രേഖകള്‍ പിടിച്ചെടുക്കാനാണ് ഇഡി ശ്രമിച്ചത് എന്ന വാദമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായ അഡ്വ.മേനക ഗുരുസ്വാമി ഉന്നയിച്ചു.