കേരളത്തില്‍ വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ, ഒമര്‍ അബ്ദുള്ളയോട് ചോദ്യവുമായി കോണ്‍ഗ്രസ്
വന്ദേമാതരം നമ്മുടെ ദേശീയ ഗീതമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
കേരളത്തില്‍ വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോയെന്ന് താരിഖ് ഹമീദ് കാര ചോദിച്ചു.
ജമ്മു കശ്മീരില്‍ നടന്ന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ കോണ്‍ഗ്രസും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ തര്‍ക്കം തുടരുന്നു. ഒമര്‍ അബ്ദുള്ളയുള്ള മറുപടിയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും വളരെ നിര്‍ഭാഗ്യകരവുമാണെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പറഞ്ഞു. കേരളത്തില്‍ വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോയെന്ന് താരിഖ് ഹമീദ് കാര ചോദിച്ചു.
ഈ സംവാദവുമായി പൊതുജനങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സര്‍ക്കാരാണ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടത്. സ്വാതന്ത്ര്യദിന പരേഡില്‍ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികള്‍ മാത്രം ആലപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവിടെ ആരെങ്കിലും ഒരാള്‍ ജയിലില്‍ പോയിട്ടുണ്ടോ എന്ന് താരിഖ് ഹമീദ് കാര ചോദിച്ചു. സംസ്ഥാന ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നത് ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍ ചെയ്തതുപോലെ, മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ മൂല്യങ്ങള്‍ക്കായി നിലകൊള്ളാന്‍ ഒമറിന് സാധിക്കുമോ എന്നും താരിഖ് ഹമീദ് കാര ചോദിച്ചു.
ജമ്മു കശ്മീര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ വന്ദേമാതരത്തിന്റെ മുഴുവന്‍ ഖണ്ഡികകളും ചൊല്ലിയതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച നിര്‍ദേശത്തിന് സഖ്യകക്ഷി നേതാവായ ഒമര്‍ അബ്ദുള്ള കടുത്ത മറുപടി നല്‍കിയതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ചൊല്ലിയാല്‍ മതിയെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയ ഒമര്‍ അബ്ദുള്ള, വന്ദേമാതരത്തിന്റെ മുഴുവന്‍ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. വന്ദേമാതരം നമ്മുടെ ദേശീയ ഗീതമാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞിരുന്നു.