വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നോ ? ആശങ്കയ്ക്ക് വിരാമം
വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുന്നുവോയെന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് എംപി വിവോ തന്‍ഖ യാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്‍ന്ന് വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്‍ഖയുടെ ചോദ്യം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടര്‍ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളില്‍ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.
ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.