ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് സേവനം വ്യാപകമായി തടസപ്പെട്ടു ; നിരവധി അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദ് ചെയ്തു
ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ പ്രതിസന്ധി. മുന്നറിയിപ്പില്ലാതെ യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നുവെന്നാണ് പരാതി. 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുന്നു എന്നാണ് സന്ദേശം.
ന്യൂഡൽഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ പ്രതിസന്ധി. മുന്നറിയിപ്പില്ലാതെ യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നുവെന്നാണ് പരാതി. 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുന്നു എന്നാണ് സന്ദേശം. നിരവധി അക്കൗണ്ടുകൾ പരിശോധനയ്ക്കായി താൽക്കാലികമായി റദ്ദ് ചെയ്തു. സാങ്കേതിക പ്രശ്‌നമാണ് എന്നാണ് സംശയം. പ്രശ്‌നം പരിഹരിക്കാനുളള ശ്രമത്തിലാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടത്. പ്ലാറ്റ്ഫോം സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് പരിശോധിച്ചുവരികയാണ് എന്നാണ് ഉപയോക്താക്കൾക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശം.
യഥാർത്ഥ ഉപയോക്താക്കളെ സംരക്ഷിക്കാനും ദുരുപയോഗം തടയാനും തങ്ങൾ നിരന്തരം പ്രവർത്തിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു. 'വാട്ട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടഞ്ഞ് യഥാർത്ഥ ഉപയോക്താക്കൾക്ക് സുരക്ഷിതമായി ഉപയോഗിക്കാനുളള സൗകര്യമേർപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാജ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താനുളള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അതിനിടെ ഉണ്ടാകുന്ന ചെറിയ പിഴവാണ്. അത് എത്രയുംവേഗം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്,' വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു. എത്ര അക്കൗണ്ടുകളെ ഇത് ബാധിച്ചിട്ടുണ്ട് എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെയാണ് റിവ്യൂ ആരംഭിച്ചതെന്നും പ്ലാറ്റ്‌ഫോമിന്റെ നയങ്ങൾ ലംഘിക്കുന്ന തരത്തിലുളള യാതൊരു പ്രവർത്തനത്തിലും തങ്ങൾ ഏർപ്പെട്ടിട്ടില്ലെന്നും ഉപയോക്താക്കൾ അവകാശപ്പെട്ടു.