പശ്ചിമ ബംഗാളില്‍ കീടനാശിനി ഉള്ളില്‍ ചെന്ന ബിജെപി എംഎല്‍എ വെന്റിലേറ്ററില്‍
പശ്ചിമ ബംഗാളില്‍ കീടനാശിനി ഉള്ളില്‍ ചെന്ന ബിജെപി എംഎല്‍എ വെന്റിലേറ്ററില്‍
അവസ്ഥ ഗുരുതരമായതോടെ ബസിര്‍ഹട്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പശ്ചിമ ബംഗാളിലെ ഹിംഗല്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ബിജെപി വനിതാ എംഎല്‍എ കീടനാശിനി ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വീട്ടില്‍ വെച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രേഖ പത്രയെ വെന്റിലേറ്ററിലേക്ക് മാറ്റി. എംഎല്‍എയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അവസ്ഥ ഗുരുതരമായതോടെ ബസിര്‍ഹട്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്നുണ്ടായ വിഷബാധയാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലെ സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നവംബര്‍ 21-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രേഖ പത്രയ്ക്ക് വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാല്‍, കാര്‍ഷിക ആവശ്യത്തിനുള്ള കീടനാശിനി ഉള്ളില്‍ച്ചെന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കൃഷിക്ക് ഉപയോഗിക്കുന്ന ഓര്‍ഗാനോഫോസ്ഫറസ് വിഭാഗത്തില്‍പ്പെട്ട കീടനാശിനി ഉള്ളില്‍ച്ചെന്നതെന്നാണ് സംശയം. നിലവില്‍ ആശുപത്രിയിലെ ഇന്റന്‍സീവ് തെറാപ്പി യൂണിറ്റിലാണ് രേഖ. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ലെന്നും കണ്ണ് തുറന്നിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ടിലെ കീടനാശിനി വിഷബാധയെന്ന ആരോപണത്തെ പശ്ചിമബംഗാള്‍ ആരോഗ്യമന്ത്രി ശരദ്വത് മുഖര്‍ജി തള്ളി. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.