ജലനിരപ്പ് ഉയർന്നു : ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു

 

ജമ്മു: കനത്ത മഴക്ക് പിന്നാലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജമ്മു കശ്മീരിലെ രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. ചെനാബ് നദിയിൽ നിർമിച്ച റിയാസിയിലെ സലാൽ അണക്കെട്ടിൻറെ നാല് ഷട്ടറുകളും ബഗ്ലിഹാർ അണക്കെട്ടിൻറെ രണ്ട് ഷട്ടറുകളുമാണ് തുറന്നത്. റമ്പാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോ ഇലക്ട്രിക് പവർ പദ്ധതിയുടെ ഭാഗമായുള്ളതാണ് ബഗ്ലിഹാറിലെ അണക്കെട്ട്.

അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയത് പാകിസ്താനിൽ പരിഭ്രാന്തിക്ക് വഴിവെച്ചു. പാകിസ്താനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നമെന്നാണ് റിപ്പോർട്ട്.

സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു. എന്നാൽ, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചിരുന്നു.

1960 സെ​പ്റ്റം​ബ​ർ 19നാ​ണ് പാ​കി​സ്താ​നു​മാ​യി സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഒ​പ്പി​ട്ട​ത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്.

ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ. ഉടമ്പടി പ്രകാരം സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ ആറ് നദികളിലെ ജലം പങ്കിടാനാണ് ഇരുരാജ്യങ്ങളും ധാരണയായത്.

1965, 1971, 1999 എ​ന്നീ യു​ദ്ധ ​വ​ർ​ഷ​ങ്ങ​ളി​ൽ പോ​ലും ക​രാ​ർ തു​ട​ർ​ന്നി​രു​ന്നു. ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത് പാ​കി​സ്താ​ന് തി​രി​ച്ച​ടി​യാ​കും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്ന​തു​ വ​രെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്.