ഡീല്‍ ആരോപണത്തില്‍ വേദനയോടെ പ്രതികരിച്ച് വാങ് ചുക്ക്

നിരാഹാരത്തിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വാങ്ചുക് വീഡിയോയില്‍ തുറന്നുപറഞ്ഞു.

 

26 ദിവസത്തെ കഠിനമായ നിരാഹാരത്തിന് ശേഷവും ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ടോ എന്നാണ് വാങ്ചുക്കിന്റെ മറുചോദ്യം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ദില്ലി ജന്തര്‍ മന്തറിലെ തുറസ്സായ വേദിയില്‍ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട താന്‍, 26 ദിവസത്തെ കഠിനമായ നിരാഹാരത്തിന് ശേഷവും ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ടോ എന്നാണ് വാങ്ചുക്കിന്റെ മറുചോദ്യം. വിഷമവും നിരാശയും അത്ഭുതവും കലര്‍ന്ന വികാരങ്ങളോടെയാണ് താന്‍ ഈ സന്ദേശം പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


നിരാഹാരത്തിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വാങ്ചുക് വീഡിയോയില്‍ തുറന്നുപറഞ്ഞു. നീണ്ട ഉപവാസം കാരണം പേശികള്‍ ക്ഷയിക്കുകയും ആന്തരാവയവങ്ങള്‍ക്കും മസ്തിഷ്‌കത്തിനും തകരാറുകള്‍ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. 11 കിലോയോളം ശരീരഭാരം കുറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തില്‍ സമരം അവസാനിപ്പിച്ചതിനെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെയും ഡീല്‍ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കേന്ദ്രമന്ത്രിമാര്‍ വഴി സമരം അവസാനിപ്പിക്കാന്‍ എന്ത് കരാറാണ് ഉണ്ടാക്കിയത് എന്ന് ചിലര്‍ ചോദിക്കുന്നു. ഇനി തന്റെ സമരത്തിന്റെ പവിത്രത തെളിയിക്കാന്‍ ആരില്‍ നിന്നെങ്കിലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ എന്ന് വാങ്ചുക്ക് മറുചോദ്യം ഉന്നയിച്ചു. ഡീലില്‍ എത്താനാണെങ്കില്‍ ഒരു മാസത്തോളം കൊടും ചൂടില്‍ റോഡരികില്‍ കിടന്ന് പട്ടിണി കിടക്കേണ്ട കാര്യമുണ്ടോ എന്നും എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന് അത് ചെയ്യാമായിരുന്നില്ലേയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിമര്‍ശനങ്ങള്‍ക്കിടയിലും കഠിനമായ ഈ സമയത്ത് തനിക്കൊപ്പം ഉറച്ചുനിന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വാങ്ചുക് നന്ദി രേഖപ്പെടുത്തി.