ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വോട്ടര്‍മാര്‍ക്ക് വിശ്വാസമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ സര്‍വേ ; കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപി

 

വോട്ടിങ് മെഷീനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.

 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് സര്‍വേ നടത്തിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വോട്ടര്‍മാര്‍ക്ക് വിശ്വാസമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ സര്‍വേ. കര്‍ണാടക മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ അതോറിറ്റി നടത്തിയ നോളേജ് ആറ്റിറ്റിയൂഡ് പ്രാക്ടീസ് സര്‍വേയിലാണ് മെഷീനില്‍ വിശ്വാസം എന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. വോട്ടിങ് മെഷീനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് സര്‍വേ നടത്തിയത്. 5,100 പേരില്‍ നടത്തിയ സര്‍വേയില്‍ 86.61ശതമാനം പേരും വോട്ടിങ് മെഷീനുകളില്‍ വിശ്വാസമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. 69.39 ശതമാനം പേരും വോട്ടിങ് മെഷീനുകള്‍ കൃത്യമായ ഫലം നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ടു 14.22 ശതമാനം പേരാണ് ഫലത്തില്‍ പൂര്‍ണ വിശ്വാസം എന്ന് അഭിപ്രായപ്പെട്ടത്. കര്‍ണാടകയിലെ ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ ഡിവിഷനുകളിലെ 102 നിയമസഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടന്നത്. കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വി അന്‍പുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ നടന്നത്.