ടെൻഡർ അനുവദിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ചു ; വിവാദത്തിലായി തമിഴ്‌നാട്ടിലെ ടിവികെ സർക്കാർ
ചെന്നൈ: ടെൻഡർ അനുവദിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ച് വിവാദത്തിലായി തമിഴ്‌നാട്ടിലെ ടിവികെ സർക്കാർ. ടെൻഡർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണത്തിന് പിന്നാലെയായായിരുന്നു വിജയ്‌സർക്കാരിന്റെ യു ടേൺ.
കാഞ്ചീപുരം ജില്ലയിൽ 30,000 ലിറ്ററിന്റെ ജലസംഭരണി നിർമിക്കുന്നതിനാണ് ഗ്രാമവികസന വകുപ്പ് മേയ് 19-ാം തീയതി ടെൻഡർ ക്ഷണിച്ചത്. 16.83 ലക്ഷമായിരുന്നു എസ്റ്റിമേറ്റഡ് തുക. മേയ് 19-ന് രാവിലെ ഒൻപതുമണിക്കായിരുന്നു ക്ഷണപത്രം പുറപ്പെടുവിച്ചത്. സമയപരിധി അവസാനിക്കുന്നതാകട്ടേ അന്നേദിവസം വൈകിട്ട് മൂന്നുമണിക്കും. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാൻ ലഭിച്ചത് കേവലം ആറുമണിക്കൂർ മാത്രം.
നാലുമണിക്ക് താൽപര്യപത്രങ്ങൾ തുറക്കുമെന്നും ടെൻഡർ അപേക്ഷയിലുണ്ടായിരുന്നു. അസാധാരണമായ ഈ സമയപരിധിയാണ് വിമർശങ്ങൾക്ക് വഴിവെച്ചത്.
ഡിഎംകെ രൂക്ഷവിമർശനവുമായാണ് രംഗത്തെത്തിയത്. ഒരു പ്രത്യേക കമ്പനിയെ സഹായിക്കാനായിരുന്നു ഈ അസാധാരണമാംവിധത്തിലുള്ള ടെൻഡർ നടപടി എന്നായിരുന്നു അവരുടെ ആരോപണം. ആറുമണിക്കൂറിനകം ഏതെങ്കിലും കമ്പനിക്ക് ശരിക്കും ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിക്കൊടുക്കാനാകുമോ എന്നായിരുന്നു ഡിഎംകെ നേതാവ് അമുതരസന്റെ ചോദ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.