ദീപാവലിയെ 'ഈദ്' എന്ന് വിശേഷിപ്പിച്ചു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

ദീപാവലിയെ 'ഖുശിയോം കി ഈദ്' (സന്തോഷത്തിന്റെ ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ഹിന്ദു പാരമ്പര്യങ്ങളെ പരിഹസിക്കുന്നതാണ് ഖാർഗെയുടെ പ്രസ്താവനയെന്നും, ഹിന്ദു ആഘോഷങ്ങൾ കോൺഗ്രസിന് അഭിമാനത്തിന് പകരം നാണക്കേടിന്റെ വിഷയമായി മാറിയെന്നും വി.എച്ച്.പി ആരോപിച്ചു.

 

ന്യൂഡൽഹി: ദീപാവലിയെ 'ഖുശിയോം കി ഈദ്' (സന്തോഷത്തിന്റെ ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ഹിന്ദു പാരമ്പര്യങ്ങളെ പരിഹസിക്കുന്നതാണ് ഖാർഗെയുടെ പ്രസ്താവനയെന്നും, ഹിന്ദു ആഘോഷങ്ങൾ കോൺഗ്രസിന് അഭിമാനത്തിന് പകരം നാണക്കേടിന്റെ വിഷയമായി മാറിയെന്നും വി.എച്ച്.പി ആരോപിച്ചു.

കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം അങ്ങേയറ്റം നിന്ദ്യമായ അവസ്ഥയിലെത്തിയെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിൽ (X) കുറിച്ചു. ദീപാവലി ആശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയിലെ എല്ലാവരും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ദീപാവലിയെന്നും അത് 'ഖുശിയോം കി ഈദ്' ആണെന്നും ഖാർഗെ വിശേഷിപ്പിച്ചത്.

ദീപാവലിയെ ഈദ് എന്ന് വിളിച്ചത് അങ്ങേയറ്റം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്ന് വിനോദ് ബൻസാൽ പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നാകെ അപമാനിക്കാനുള്ള ഗൂഢനീക്കമാണിത്. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിക്കാൻ പോലും തയ്യാറാകാത്ത വിധം കോൺഗ്രസ് അധഃപതിച്ചു. സനാതന സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികൾക്കൊപ്പം കോൺഗ്രസും ചേർന്നിട്ടുണ്ടോയെന്ന് അവർ വ്യക്തമാക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. ഇത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണെന്നും ബൻസാൽ കൂട്ടിച്ചേർത്തു.