ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ ‘സർക്കാരും മുഴുവൻ സംവിധാനവും’ പ്രവർത്തിച്ചു ; കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ വിനേഷ് ഫോഗട്ട്
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ ‘സർക്കാരും മുഴുവൻ സംവിധാനവും’ തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെ ലൈംഗികാതിക്രമ കേസിൽ ദില്ലി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ ‘സർക്കാരും മുഴുവൻ സംവിധാനവും’ തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെ ലൈംഗികാതിക്രമ കേസിൽ ദില്ലി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.
ഡൽഹി കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയായിരുന്നു വിനേഷിന്റെ പ്രതികരണം. ‘ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ തന്നെ വലിയ ധൈര്യം വേണ്ടിവന്നു. രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി വനിതാ ഗുസ്തി താരങ്ങളെ പരാതികൾ പിൻവലിക്കാൻ നിർബന്ധിച്ചു. എന്നിട്ടും ചിലർ ഉറച്ചുനിന്ന് നിയമപോരാട്ടം തുടർന്നു’ -വിനേഷ് കുറിച്ചു. നടപടിക്രമങ്ങളിലുടനീളം മുൻ ഡബ്ല്യു.എഫ്.ഐ മേധാവിയെ സംരക്ഷിക്കുകയായിരുന്നെന്നും വിനേഷ് ആരോപിച്ചു. ‘തുടക്കം മുതൽ തന്നെ, മുഴുവൻ സംവിധാനവും, സർക്കാരും, സ്ഥാപനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ പ്രവർത്തിച്ചു’ -അവർ പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണങ്ങൾ കോടതി അംഗീകരിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നും എന്നാൽ, ഇതോടെ നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും വിനേഷ് വ്യക്തമാക്കി. പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങൾ ഇതിനകം തന്നെ അഭിഭാഷകർക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ‘ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. നിയമപരമായി മുന്നോട്ടുപോകും’ -വിനേഷ് ഫോഗട്ട് പറഞ്ഞു.