വിജയ് തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും

ടിവികെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ കണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു.

 

ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ കരൂരില്‍ സ്ഥാനാര്‍ഥിയാണ്. 

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാര്‍ഥിയാകും. സി ജോസഫ് വിജയ് എന്നാണ് ചെന്നൈയില്‍ നടന്ന റാലിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ കരൂരില്‍ സ്ഥാനാര്‍ഥിയാണ്. കരൂര്‍ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവാണ് അദ്ദേഹം. വില്ലിവാക്കം - ആധവ് അര്‍ജുന, ഗോപിചെട്ടിപാളയം - കെ എ സെങ്കോട്ടയ്യന്‍, തിരുച്ചെങ്കോട് - അരുണ്‍രാജ് ഐആഎസ്, തിരുപ്പരന്‍കുന്ത്രം - സിടിആര്‍ നിര്‍മല്‍കുമാര്‍, ടി നഗര്‍- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖര്‍. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.

വെറുതെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നതല്ലെന്ന് വിജയ് വ്യക്തമാക്കി. ജനങ്ങളുടെ സംരക്ഷകരുടെ പേരുകള്‍ പ്രഖ്യാപിക്കുന്ന യോഗമാണിത്. ടിവികെ സ്ഥാനാര്‍ത്ഥികള്‍ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. അവര്‍ കൊള്ളയടിക്കുന്നവരോ അഴിമതിക്കാരോ അല്ലെന്നും വിജയ് അവകാശപ്പെട്ടു. ടിവികെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ കണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. തനിക്കെതിരായ അനീതികള്‍ക്ക് മറുപടി നല്‍കണം. തമിഴ്‌നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്‌നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‌യുടെ ഗ്യാരണ്ടികള്‍. വിസിലിന് വോട്ട് ചെയ്യുക എന്നാണ് തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.