വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന ;250 കോടി വാ​ഗ്ദാനം ചെയ്തതായി റിപ്പോർട്ട്

സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി  റിപ്പോർട്ടുകളുണ്ട്

 

നടൻ വിജയ് യുടെ ഭാര്യ സം​ഗീത നൽകിയ വിവാ​ഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം ശ്രമം നടത്തുന്നുവെന്ന് വിവരം. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി  റിപ്പോർട്ടുകളുണ്ട്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരുകക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സജീവ രാഷ്ട്രീയത്തിലേക്കു കടന്ന വിജയ് തന്റെ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹർജി പിൻവലിച്ചിട്ടില്ല.