മറീന ബീച്ചിന് സമീപം പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍; എതിര്‍പ്പുമായി സിപിഐഎം

'പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശമാണത്. ബീച്ചിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സെക്രട്ടേറിയറ്റ് സമുച്ചയം വരുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും

 

നിലവിലെ ഉത്തരവ് പിന്‍വലിച്ച് നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ആവശ്യപ്പെട്ടു.

മറീന ബീച്ചിന് സമീപം പട്ടിണപ്പക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കാനുള്ള വിജയ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന തീരുമാനമാണെന്നും നിലവിലെ ഉത്തരവ് പിന്‍വലിച്ച് നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ആവശ്യപ്പെട്ടു.

'പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശമാണത്. ബീച്ചിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സെക്രട്ടേറിയറ്റ് സമുച്ചയം വരുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ അടക്കം ബാധിക്കും. മാത്രവുമല്ല നിരവധി സ്‌കൂളുകളും പ്രദേശത്തുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ തടയും' എന്നായിരുന്നു പി ഷണ്‍മുഖത്തിന്റെ പ്രതികരണം. ബീച്ച് പരിസരത്ത് വീടുകള്‍ വേണമെന്നുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു. ബീച്ച് പരിസരത്ത് സെക്രട്ടേറിയറ്റ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐഎം ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പി ഷണ്‍മുഖത്തിന്റെ പ്രതികരണം.