പ്രതികാര നടപടിയുമായി വിജയ് സര്‍ക്കാര്‍ ; സര്‍ക്കാരിനെ വിമര്‍ശിച്ച ചാനലിനെ കേബിള്‍ നെറ്റ് വര്‍ക്കില്‍ നിന്ന് ഒഴിവാക്കി

ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ചാനല്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നല്‍കി.

 

ദില്ലി സന്ദര്‍ശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനല്‍ വിമര്‍ശിച്ചതാണ് പ്രകോപനം

പ്രതികാര നടപടിയുമായി വിജയ് സര്‍ക്കാര്‍. പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി. ചാനലിനെ സര്‍ക്കാര്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ നിന്നൊഴിവാക്കി. നോട്ടിസ് നല്‍കാതെയാണ് ചാനല്‍ നീക്കിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍, നീലാങ്കരയിലെ വീട്ടില്‍ നിന്നുള്ള വിജയ്‌യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ദില്ലി സന്ദര്‍ശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനല്‍ വിമര്‍ശിച്ചതാണ് പ്രകോപനം. ദില്ലിയില്‍ മുഖ്യമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാല്‍, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. സ്റ്റാലിന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴും ചാനലിനെതിരെ നടപടി ഉണ്ടായിരുന്നു. സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ, രൂക്ഷവിമര്‍ശനവുമായി ചെന്നൈ പ്രസ് ക്ലബ്ബ് രംഗത്തെത്തി. ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ചാനല്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നല്‍കി.