തേനിയിൽ ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായി മരിച്ച സെന്തിൽ കുമാറിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്
തേനി ജില്ലയിൽ ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായി മരിച്ച സ്പെഷ്യൽ സബ് ഇൻസ്പെക്ടർ (എസ്.എസ്.ഐ) കെ. സെന്തിൽ കുമാറിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
ചെന്നൈ : തേനി ജില്ലയിൽ ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായി മരിച്ച സ്പെഷ്യൽ സബ് ഇൻസ്പെക്ടർ (എസ്.എസ്.ഐ) കെ. സെന്തിൽ കുമാറിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് 57കാരനായ സെന്തിൽ കുമാർ മരിച്ചത്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിച്ചു.
സെന്തിൽ കുമാറിന്റെ വിയോഗം തമിഴ്നാട് പൊലീസ് സേനക്കും കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ദുഃഖത്തിലായ കുടുംബത്തിനും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നതായും കുടുംബത്തിന് 40 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാൻ ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.
പളനിച്ചെട്ടിപ്പട്ടി പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന സെന്തിൽ കുമാറിനെ തേനി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലായിരുന്നു നിയോഗിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സമതർമ്മപുരം മേഖലയിൽ പൊതുറോഡിൽ ഒരു സംഘം ആളുകൾ പടക്കം പൊട്ടിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം യുവാക്കളോട് മറ്റൊരിടത്തേക്ക് മാറാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും കൺട്രോൾ റൂമിൽ വിവരമറിയിക്കാനും ഉദ്യോഗസ്ഥൻ ശ്രമിച്ചു. ഇതിനിടെ സംഘത്തിലൊരാളെ പിടികൂടാൻ ശ്രമിക്കവെ, മറ്റൊരാൾ കൈമുട്ടുകൊണ്ട് അദ്ദേഹത്തെ ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ സെന്തിൽ കുമാർ റോഡിൽ കുഴഞ്ഞുവീണു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെട്രോളിങ് സംഘം ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെന്തിൽ കുമാറിന് നേരത്തേ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി തേനി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ഉത്സവദിനത്തിൽ സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങൾ നടന്നതായും ക്രമസമാധാന നില പൂർണമായും തകർന്നതായും അദ്ദേഹം ആരോപിച്ചു.