ലഖ്നൗവിൽ മുൻ ആർടിഒയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് 13 കിലോ സ്വർണ്ണവും കോടികളും
ലഖ്നൗ: ചുവരുകൾക്കുള്ളിലും ഫോൾസ് സീലിങ്ങിലും ഒളിപ്പിച്ച രഹസ്യ അറകൾ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തകർത്ത അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ ഉത്തർപ്രദേശിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അവിഹിത സ്വത്ത് വിജിലൻസ് പിടിച്ചെടുത്തു. ആഗ്രയിൽ സേവനമനുഷ്ഠിച്ചിരുന്ന മുൻ ഉദ്യോഗസ്ഥൻ ലളിത് കുമാറിന്റെ ലഖ്നൗ അലിഗഞ്ചിലെ വസതിയിൽ ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിലാണ് 13 കിലോ സ്വർണ്ണവും 1.62 കോടി രൂപയും മറ്റ് കോടികളുടെ ആസ്തികളും കണ്ടെടുത്തത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതികളിൽ മാസങ്ങളായി തുടർന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ പ്രത്യേക കോടതിയുടെ അനുമതിയോടെയായിരുന്നു വിജിലൻസിന്റെ ഈ വൻ സ്രാവുകളെ കുടുക്കിയുള്ള പരിശോധന. പരിശോധനയുടെ ആദ്യ ഘട്ടത്തിൽ തന്നെ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ 1.62 കോടി രൂപയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ചുവരുകൾക്കുള്ളിലും ഫർണിച്ചറുകൾക്കിടയിലും അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. ഈ രഹസ്യ ലോക്കറുകളെക്കുറിച്ചുള്ള വിവരങ്ങൾ ലളിത് കുമാറിന് മാത്രമാണ് അറിയാമായിരുന്നതെന്നും കുടുംബാംഗങ്ങൾക്ക് പോലും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ, ഡിജിറ്റൽ ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്‌വേഡ് മറന്നുപോയെന്ന് പറഞ്ഞ് ലളിത് കുമാർ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും, സാങ്കേതിക വിദഗ്ധരെ വരുത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് വിജിലൻസ് ഇത് തകർത്തത്.
നിലവിലെ വിപണി വിലയനുസരിച്ച് പിടിച്ചെടുത്ത 13 കിലോ സ്വർണ്ണ ബിസ്കറ്റുകൾക്കും ആഭരണങ്ങൾക്കും ഒപ്പം ഒൻപത് കിലോ വെള്ളിക്കും കൂടി ഏകദേശം 20 കോടിയോളം രൂപ മൂല്യം വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഇതിന് പുറമെ ലഖ്നൗ, ആഗ്ര, നോയിഡ, ഡൽഹി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ലളിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ ആഡംബര വീടുകളുടെയും ഫ്ലാറ്റുകളുടെയും ഭൂമിയുടെയും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 13 കോടിയോളം വിലമതിക്കുന്നതാണ് ഈ ഭൂസ്വത്തുക്കൾ.