വായ്‌പാ തിരിച്ചടവ് മുടങ്ങിയാൽ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി
ന്യൂദൽഹി : വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി. വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി(എൻബിഎഫ്‌സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആർബിഐക്ക് കർശന നിർദേശവും സുപ്രീംകോടതി നൽകി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
റിക്കവറി നടപടികൾ സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും പ്രാവർത്തികമാക്കുന്നില്ലെന്ന വിമർശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി പാതിരാത്രിയിൽ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്‌പോയ കേസിൽ ട്രക്ക് ഉടമയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
വായ്‌പ അടവ് മുടങ്ങിയാൽ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്‌പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാർഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വായ്‌പാ കരാറിലെ വാഹനം തിരിച്ചുപിടിക്കൽ വ്യവസ്ഥകൾ 1872-ലെ കരാർ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുൻപ് തിരിച്ചടവിന് നൽകുന്ന അവസാന അവസരം, വാഹനം തിരികെ നൽകുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ കരാറിൽ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോൾ ആർബിഐ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ഫീൽഡ് സ്റ്റാഫുകൾക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.
റിക്കവറി ഏജന്റുമാർ ബാങ്കിങ് കോഡുകളും നിർദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികൾ ആർബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ ആർബിഐ വിലക്ക് ഏർപ്പെടുത്തണം. വായ്‌പക്കാർക്ക് പിന്തുണ നൽകാൻ ക്രഡിറ്റ് കൗൺസിലർമാരെ നിയോഗിക്കണം. എൻബിഎഫ്‌സി-മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളിൽ പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണം. റിക്കവറി നടപടികൾ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാൽ മാത്രമേ വായ്‌പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.