മോദിക്കെതിരായ അന്വേഷണം തടഞ്ഞത് യുപിഎ കാലത്തെ ചില കോണ്‍ഗ്രസ് നേതാക്കളെന്ന് വീരപ്പ മൊയ്ലി; വിവാദത്തിന് തിരികൊളുത്തി മുന്‍ നിയമമന്ത്രിയുടെ വെളിപ്പെടുത്തല്‍
2002-ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ വീരപ്പ മൊയ്ലി. ആ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയെക്കുറിച്ചുള്ള 'ബിലോങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.
ബംഗളൂരു: 2002-ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ വീരപ്പ മൊയ്ലി. ആ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയെക്കുറിച്ചുള്ള 'ബിലോങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010-ല്‍ അമിത് ഷാ അറസ്റ്റിലാവുകയും ഗുജറാത്തിന് പുറത്തുകഴിയേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. അതിനുശേഷം അടുത്ത നടപടി നേരിടേണ്ടിയിരുന്നത് നരേന്ദ്ര മോദിയായിരുന്നുവെന്ന് മൊയ്ലി ചൂണ്ടിക്കാട്ടി. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങായിരുന്നില്ല ഇതിന് പിന്നിലെന്നും, മറ്റ് ചില നേതാക്കളായിരുന്നു അന്വേഷണം തടഞ്ഞതെന്നും 2010-11 കാലയളവില്‍ കേന്ദ്ര നിയമമന്ത്രിയായിരുന്ന മൊയ്ലി വ്യക്തമാക്കി. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് 2009-ലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചത്. കലാപത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് 2010-ല്‍ എസ്ഐടി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് 2012-ല്‍ അന്വേഷണ സംഘം അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. ഇതിനിടെയാണ് യുപിഎ ഭരണകാലത്തെ ചില നേതാക്കളുടെ ഇടപെടലാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കാന്‍ കാരണമായതെന്ന വീരപ്പ മൊയ്ലിയുടെ പരാമര്‍ശം പുറത്തുവന്നിരിക്കുന്നത്.