വിജയ് മന്ത്രിസഭയിൽ വി.സി.കെ, ഐ.യു.എം.എൽ കക്ഷികൾ പങ്കാളികളായതിൽ, വിമർശനങ്ങൾ ഒഴിവാക്കണം ; അണികളോട് എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയിൽ വി.സി.കെ, ഐ.യു.എം.എൽ കക്ഷികൾ പങ്കാളികളായതിൽ, വിമർശനങ്ങൾ ഒഴിവാക്കണമെന്ന് അണികളോട് ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ. സ്വന്തം രാഷ്ട്രീയ പാത തെരഞ്ഞെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ സ്റ്റാലിൻ, ഒരു പാർട്ടിയുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ഡി.എം.കെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വെള്ളിയാഴ്ച എക്സ് അകൗണ്ടിലൂടെ അഭ്യർഥിച്ചു.
ടി.വി.കെ മന്ത്രിസഭയിൽ അംഗങ്ങളായി ചുമതലയേറ്റ വി.സി.കെ എം.എൽ.എ വണ്ണി അരശിനും ഐ.യു.എം.എൽ എം.എൽ.എ എ.എം. ഷാജഹാനും സ്റ്റാലിൻ ആശംസകൾ നേർന്നു. "നാം സി.എൻ. അണ്ണാദുരൈയുടെയും എം. കരുണാനിധിയുടെയും അനുയായികളാണ്. അത് മറക്കാതെ, നല്ലതിനെ അഭിനന്ദിക്കുകയും തെറ്റായതിനെ വിമർശിക്കുകയും ചെയ്യുന്ന ഒരു സർഗാത്മക പ്രതിപക്ഷമായി നമുക്ക് പ്രവർത്തിക്കാം" -സ്റ്റാലിൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി മത്സരിച്ച വി.സി.കെയും ഐ.യു.എം.എല്ലും വിജയ്‌യുടെ ടി.വി.കെ സർക്കാറിൽ ചേർന്നതിനെതിരെ ചില മുതിർന്ന ഡി.എം.കെ നേതാക്കൾ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മുന്നണി ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാനും ജനാധിപത്യ മര്യാദകൾ ഉയർത്തിപ്പിടിക്കാനും അണികൾക്ക് കർശന നിർദേശവുമായി എം.കെ. സ്റ്റാലിൻ എത്തിയത്.