'സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആദ്യം പാടിയത് ഗവര്‍ണര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരം'; വിശദീകരണവുമായി ടി വികെ

ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തത് എന്നായിരുന്നു ഡിഎംകെയുടെ ആരോപണം.

 

തമിഴ് തായ് വാഴ്‌ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ടിവികെ. വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിര്‍ദേശ പ്രകാരമെന്ന് മന്ത്രി ആദവ് അര്‍ജുന. കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിക്കണമെന്ന് ലോക് ഭവന്‍ സമ്മര്‍ദ്ദം ചെലുത്തിയന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അര്‍ജുന പറഞ്ഞു.

തുടക്കത്തിലെ കല്ലുകടിയ്ക്ക് കാരണമായത് ഇതാണ്. തമിഴ് തായ് വാഴ്‌ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.

ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തത് എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തമിഴ് നാടിനെയും തമിഴ് ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ട് വരാന്‍ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് ടി വി കെ ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു.