ട്രെയിൻ യാത്രയിൽ ഭക്ഷണത്തിന് പുതിയ മുഖം; വന്ദേഭാരതിൽ വിമാനശൈലിയിലുള്ള മെനു

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ഭക്ഷണവിതരണത്തിൽ പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി വിമാനങ്ങളിൽ നൽകുന്നതിന് സമാനമായ പരിമിത മെനു സംവിധാനം

 

ഡൽഹി : വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ഭക്ഷണവിതരണത്തിൽ പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി വിമാനങ്ങളിൽ നൽകുന്നതിന് സമാനമായ പരിമിത മെനു സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണ്. മുംബൈ–ബെംഗളൂരു, ഹൗറ–കാമാഖ്യ, ന്യൂഡൽഹി–വാരണാസി എന്നീ മൂന്ന് റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പുതിയ സംവിധാനത്തിൽ ഭക്ഷണവിഭവങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി, വട, ചമ്മന്തി, സാമ്പാർ, പോഹ, ഉപ്പുമാവ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ചപ്പാത്തി, ചോറ്, പരിപ്പ്, വെജിറ്റേറിയൻ അല്ലെങ്കിൽ ചിക്കൻ വിഭവം എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി സാധാരണ കാറ്ററിങ് സംവിധാനത്തിന് പകരം പ്രത്യേക ക്ലൗഡ് കിച്ചണുകളുടെയും ഹോട്ടൽ ഗ്രൂപ്പുകളുടെയും സേവനവും ഉപയോഗിക്കുന്നു.

ഒരു യാത്രക്കാരന് നൽകുന്ന ഭക്ഷണത്തിന്റെ ആകെ തൂക്കം നേരത്തെയുണ്ടായിരുന്ന 700–750 ഗ്രാമിൽ നിന്ന് 450–500 ഗ്രാമായി കുറച്ചിട്ടുണ്ട്. എന്നാൽ ഓരോ വിഭവത്തിന്റെയും വ്യക്തിഗത അളവിൽ മാറ്റമില്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ മറ്റ് ദീർഘദൂര ട്രെയിനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചേക്കും.