ചെനാബ് പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് വന്ദേഭാരത് എക്‌സ്പ്രസ്
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് പാലവും അന്‍ജി കേബിള്‍ പാലവും.
ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ റെയില്‍വേപാലമായ അന്‍ജി പാലത്തിലൂടെയുമാണ് നൂറുകിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത് സര്‍വീസ് നടത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് വന്ദേഭാരത് എക്‌സ്പ്രസ്. ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ റെയില്‍വേപാലമായ അന്‍ജി പാലത്തിലൂടെയുമാണ് നൂറുകിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത് സര്‍വീസ് നടത്തിയത്.
ജമ്മു റെയില്‍വേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ബനിഹാള്‍ സെക്ഷനില്‍ അനുവദനീയമായ പരമാവധി വേഗത നൂറുകിലോമീറ്ററായി ഉയര്‍ത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് നൂറുകിലോമീറ്റര്‍ വേഗത്തില്‍ വിജയകരമായി സര്‍വീസ് നടത്തിയത്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.
111 കിലോമീറ്റര്‍ നീളത്തിലുള്ള കത്ര-ബനിഹാള്‍ സെക്ഷനില്‍ മണിക്കൂറില്‍ 75 കിലോമീറ്ററായിരുന്നു ഇതുവരെ അനുവദിച്ചിരുന്ന പരമാവധി വേഗത. ഇതാണ് നൂറുകിലോമീറ്ററിലേക്ക് വര്‍ധിപ്പിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വേഗത വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളെല്ലാം റെയില്‍വേ പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി വിലയിരുത്തിയതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയം വേഗം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് പാലവും അന്‍ജി കേബിള്‍ പാലവും. ഈ റെയില്‍പാതയില്‍ കത്ര-ബനിഹാള്‍ സെക്ഷനില്‍ മാത്രം 33 തുരങ്കങ്ങളുമുണ്ട്. 2025 ജൂണ്‍ ആറിനാണ് ഇതുവഴിയുള്ള കത്ര-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ്‌ചെയ്തത്.