ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 14 പേർ മരിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

 

ലഖ്നോ: ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കോൾഡ് സ്റ്റോറേജ് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിൽ നിന്നാണ് രണ്ട് പേർ അറസ്റ്റിലായത്. അങ്കുർ അഗർവാൾ, രോഹിത് അഗർവാൾ എന്നിവരെയാണ് ശനിയാഴ്ച ചന്ദൗസി പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ചന്ദൗസി സ്റ്റേഷൻ പരിധിയിലെ ഇന്ദിര റോഡിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 24 പേരെ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. വ്യാഴാഴ്ചയാണ് ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ കോൾഡ് സ്റ്റോറേജ് കെട്ടിടം തകർന്നു വീണത്. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സമിതിയെ നിയോഗിച്ചിരുന്നു.

അങ്കുറിനും രോഹിതിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. മൂന്ന് മാസം മുമ്പ് അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചതെന്ന് അധികൃതർ പറയുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഷണൽ കമീഷണറുടെ നേതൃത്വത്തിൽ മൊറാദാബാദ് ഡി.ഐ.ജി ഉൾപ്പെട്ട അന്വേഷണ സമിതിയോട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.